ജിദ്ദ: മുസ്ലിം പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് വലിയ പരിഗണയുണ്ടെന്നും അവര്‍ ആരെയും അകറ്റുകയോ വെറുക്കുകയോ ചെയ്യുന്നില്ലെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയുടേതായി വന്ന ഒരു പ്രസ്താവനയില്‍ മുസ്ലിങ്ങള്‍ക്ക് ശക്തിയുണ്ടായാല്‍ അവര്‍ മറ്റുള്ളവരെ തുരത്തും എന്ന് പറഞ്ഞിരുന്നു. ആ വാര്‍ത്ത ഗള്‍ഫ് പത്രങ്ങളിലും വന്നിട്ടുണ്ട്. അത് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പ്രയാസങ്ങളുണ്ടാക്കും. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാ വിരുദ്ധമാണ്. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ഇന്തോനേഷ്യയില്‍ ഹിന്ദു, ക്രിസ്ത്യന്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും എല്ലാ സ്വാതന്ത്ര്യവുമുണ്ട്. മലേഷ്യ, ബ്രൂണായ് തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളിലും അങ്ങനെ തന്നെയാണ്.
ഖത്തറില്‍ വിവിധ ക്രിസ്ത്യന്‍ സഭകളുടെ ഒരു ചര്‍ച്ച് കോംപ്ലക്‌സ് തന്നെയുണ്ട്. അബൂദാബിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണുയര്‍ന്ന് വരുന്നത്. ഇതിനെല്ലാം സ്ഥലവും സൗകര്യങ്ങളും സൗജന്യമായി നല്‍കുന്നത് മുസ്ലിം ഭരണാധികാരികളാണ്. സൗദി ഉള്‍പ്പെടെ എല്ലാ ഗള്‍ഫു രാജ്യങ്ങളിലും വ്യവസായം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ എല്ലാ മതക്കാരുമുണ്ട്. എല്ലാവര്‍ക്കും പണം സമ്പാദിച്ച് തങ്ങളുടെ നാട്ടിലേക്കയക്കാം. ഇറാഖ്, സിറിയ, ലെബനാന്‍ , ഈജിപ്ത്, ജോര്‍ഡാന്‍, തുര്‍ക്കി തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ എല്ലാ മതക്കാര്‍ക്കും തുല്യ അവകാശങ്ങളുണ്ട്. പല ക്രൈസ്തവ സഭകളുടേയും ആസ്ഥാനങ്ങളും അവിടങ്ങളിലാണ്. വസ്തുതാവിരുദ്ധമായ പ്രസ്തുത പരാമര്‍ശം കര്‍ജിനാള്‍ ആലഞ്ചേരി പിന്‍വലിക്കണമെന്നും ഡോ.മടവൂര്‍ അശ്യപ്പെട്ടു.