മാസപിറവി ചന്ദ്രമാസമടിസ്ഥാനമാക്കി നിര്‍ണയിക്കണം: ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ

മാസപിറവി ചന്ദ്രമാസമടിസ്ഥാനമാക്കി നിര്‍ണയിക്കണം: ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ

കോഴിക്കോട്: സൂര്യാസ്തമയ ശേഷം കുറഞ്ഞത് 48 മിനിറ്റെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചന്ദ്രന്‍ ഉണ്ടെങ്കിലേ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ചന്ദ്രനെ കാണാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ മലബാര്‍ കടപ്പുറങ്ങളില്‍ പ്രത്യേകിച്ച് കാപ്പാട് കടപ്പുറത്ത് മാസപിറവി കണ്ടെന്നതിന്റെ പേരില്‍ റമദാന്‍ വ്രതവും പെരുന്നാളുകളും പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ഹിജ്‌റാ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാപ്പാട് കടപ്പുറത്ത് സ്ഥിരമായി ‘പിറവി കാണുന്നത്’ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഏതെങ്കിലും ഖാദിമാരോ, പണ്ഡിതന്‍മാരോ കേരളത്തിലെ വിവിധ സംഘടനകളുടെ നേതാക്കളോ, പ്രവര്‍ത്തകരോ ആരുംതന്നെ നേരിട്ട് പിറവി കണ്ടതായി അവകാശപ്പെട്ട് ഇതുവരെ രംഗത്ത് വന്നിട്ടില്ല. അഥവാ അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരെ മാധ്യമങ്ങള്‍ക്ക് മുന്നിലോ, ശാസ്ത്ര സമൂഹത്തിന് മുന്നിലോ ഹാജരാക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തെ കേവലം നോമ്പ്-പെരുന്നാള്‍ പ്രശ്‌നമായിട്ടല്ല ഹിജ്‌റ കമ്മിറ്റി കാണുന്നത്. മറിച്ച് ശാസ്ത്രീയമായ ഒരു കലണ്ടര്‍ സംവിധാനത്തെ, ഇല്ലാത്ത കടപ്പുറം കാഴ്ചകളിലൂടെ അട്ടിമറിക്കുന്നതിനെതിരായ ബോധവല്‍ക്കരണമാണ് ഹിജ്‌റ കമ്മിറ്റി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.

ഗോളശാസ്ത്രം ഉല്‍പ്പെടെ നിരവധി ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്ന ഖുര്‍ആനും പ്രവാചക മാതൃകയും നോമ്പിന്റേയും പെരുന്നാളിന്റേയും ഉള്‍പ്പെടെ തിയതികള്‍ തീരുമാനിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുന്നതിന് ഒരിക്കലും എതിരല്ല. സൂര്യ-ചന്ദ്ര ഗോളങ്ങളുടെ അനുസ്യൂതമായ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാലഗണനാ തിയതികളെ സ്വന്തം വരുതിയിലാക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്‍മാരുടേയും നേതാക്കളുടേയും പരിഹാസ്യ ശ്രമങ്ങളെ വിശ്വാസി സമൂഹവും പൊതുസമൂഹവും തള്ളിക്കളയണം. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോഗ്രാഫിക്‌സ് ഓഫിസ് പ്രസിദ്ധീകരിക്കുന്ന നോട്ടിക്കല്‍ അല്‍മനാക്ക് അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസ തിയതികള്‍ ശാസ്ത്രീയമായതിനാല്‍ സര്‍ക്കാര്‍ കലണ്ടറുകളിലടക്കം പൊതുകലണ്ടറുകളില്‍ ആ തിയതികള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. റമദാന്‍ 30 വ്യാഴാഴ്ച (ഏപ്രില്‍ 20) ചാന്ദ്രമാസത്തിന്റെ സമാപനം കുറിച്ചുക്കൊണ്ടുള്ള ന്യൂമൂണ്‍ (അമാവാസി) സംഭവിക്കുകയാണ്. വെള്ളിയാഴ്ച ശവ്വാല്‍ ഒന്നും ഈദുല്‍ ഫിത്വറും ആയിരിക്കും. വെള്ളിയാഴ്ച കേരളത്തിലുടനീളം ഹിജ്‌റ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.എസ് ഷംസുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), ഡോ.കോയക്കുട്ടി ഫാറൂഖി (ട്രഷറര്‍), വി.പി ഫിറോസ് (ജോ.സെക്രട്ടറി), ടി.അബ്ദുഷുക്കൂര്‍ (സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം) എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *