ഡോ. അനീഷ് കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഹെഡ്
ഗ്യാസ്ട്രോ സയന്‍സസ് ആന്‍ഡ് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്
മലയാളികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗാവസ്ഥകളില്‍ ഒന്ന് നിലയിലേക്ക് സമീപകാലത്ത് കടന്ന് വന്നതാണ് ഫാറ്റിലിവര്‍. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ തുടങ്ങിയവയ്ക്കൊപ്പം തന്നെ നിലയുറപ്പിക്കാന്‍ ഫാറ്റിലിവറിനും സാധിച്ചിരിക്കുന്നു. എന്താണ് ഫാറ്റിലിവര്‍? ഫാറ്റിലിവര്‍ ഭയപ്പെടേണ്ട അവസ്ഥയാണോ? തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും പൊതുസമൂഹത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
എന്താണ് ഫാറ്റിലിവര്‍?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണിത്. ഈ അവസ്ഥ എല്ലായ്പ്പോഴും ഗുരതുരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കണമെന്നില്ല, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ തന്നെ ഫാറ്റിലിവറിനെ നിസ്സാരവത്കരിച്ച് തള്ളിക്കളയാന്‍ സാധിക്കില്ല. രണ്ട് തരത്തിലാണ് ഫാറ്റിലിവര്‍ കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേതും വ്യാപകമായി കാണപ്പെടുന്നതും മദ്യപിക്കുന്നതിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും. സ്ഥിരമായി മദ്യപിക്കുന്നവരില്‍ മഹാഭൂരിപക്ഷം ആളുകളിലും ഫാറ്റിലിവറിന് സാധ്യതയുണ്ട്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍ ഡിസീസ് തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാം. തുടക്കത്തില്‍ വലിയ ലക്ഷണങ്ങളുണ്ടാകില്ല എന്നതും ഇതിന്റെ സവിശേഷതയാണ്. എന്തെങ്കിലും സാഹചര്യത്തില്‍ സ്‌കാനിംഗിനും മറ്റും വിധേയനാകുമ്പോഴാണ് തിരിച്ചറിയുക. അവസ്ഥ സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തില്‍ അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, ഭാരക്കുറവ് മുതലായ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
ഫാറ്റിലിവറും സിറോസിസും
ഫാറ്റിലിവര്‍ സിറോസിസിലേക്ക് നയിക്കുമോ എന്ന ചോദ്യം പൊതുവെ എല്ലാവരിലുമുള്ളതാണ്. കരളിനെ ബാധിക്കുന്ന സ്ഥായിയായ കേടുപാടാണ് ലിവര്‍ സിറോസിസ് എന്നത്. എല്ലാ ഫാറ്റിലിവറും സിറോസിസിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ ഫാറ്റിലിവറിനൊപ്പം ലിവര്‍ ഫങ്ങ്ന്‍ ടെസ്റ്റില്‍ അപാകതകള്‍ കൂടി കണ്ടെത്തിയാല്‍ ചിലപ്പോള്‍ സിറോസിസിലേക്ക് നയിക്കാനിടയാക്കിയേക്കാം. സിറോസിസ് ബാധിതനായി കഴിഞ്ഞാല്‍ കരളിനെ പൂര്‍വ്വ അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സാധ്യത തിരിച്ചറിഞ്ഞാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായി അനുസരിച്ച് കരളിനെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ പരിശ്രമിക്കണം.
ചികിത്സ
ഭക്ഷണനിയന്ത്രണം, ജീവിതശൈലീ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടുക. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങളെ കൃത്യമായി പിന്‍തുടരുക എന്നത് പ്രധാനമാണ്. മരുന്നുകളില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുകയോ, കഴിക്കാതിരിക്കുകയോ ചെയ്യരുത്. മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതാണ്. മിക്കവര്‍ക്കും മധുരത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണമുണ്ടാകും. ഇറച്ചി ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍ത്തുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ വെള്ളം കുടിക്കുക, വ്യായാമം പിന്‍തുടരുക എന്നിവയുംനിര്‍ബന്ധമാണ്