തിരുവനന്തപുരം: തങ്ങളുടെ മുന്‍പിലെത്തുന്ന ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ പദ്ധതികള്‍ വരെ ഈ കാരണംകൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്നും സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഫയലും ജീവിതമാണെന്നാണ് സര്‍ക്കാര്‍ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഏഴ് വര്‍ഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 62, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.