കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങുമെന്ന് ‘ഹര്‍ഷിന സമരസഹായ സമിതി’ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു വര്‍ഷക്കാലം വയറ്റില്‍ കത്രികയുമായാണ് ജീവിച്ചത്. കത്രിക പുറത്തെടുത്തിട്ട് ഒരുവര്‍ഷമാകുമ്പോഴും നഷ്ടപരിഹാരവും നീതിയും അകലയാണ്. സര്‍ക്കാര്‍ രണ്ട് ലക്ഷംരൂപയാണ് നഷ്ടപരിഹാരമായി നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ ഇത് അപരാപ്ത്യമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ലക്ഷങ്ങളാണ് ചികിത്സക്കായി കുടുംബം ചെലവഴിച്ചത്. വീടുവരെ പണയപ്പെടുത്തി കടമെടുത്തു. അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ അനുവദിക്കുക, സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി സര്‍ക്കാരിന്റെ മുന്നില്‍ വയ്ക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടില്ലെങ്കില്‍ മെയ് 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം വീണ്ടും ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി,ഹര്‍ഷിന.കെ, ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്‌റഫ്, സുജിത് കാഞ്ഞോളി എന്നിവര്‍ പങ്കെടുത്തു.