പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയില്‍ ഒരു കൈനോക്കും:  സുമലത

പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭയില്‍ ഒരു കൈനോക്കും:  സുമലത

ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി നിലവില്‍ എം.പിയായ സുമലത മത്സരിച്ചേക്കും. ബി. ജെ. പി തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും സുമലത പറഞ്ഞു. ബി. ജെ. പി യില്‍ ചേര്‍ന്നില്ലെങ്കിലും സുമലത ഇത്തവണ ബി. ജെ. പി ക്കൊപ്പമാണെന്ന് നേരത്തേ വ്യക്തമാക്കിയതാണ്.

മാണ്ഡ്യയില്‍ ആര് വന്നാലും അതിനെ നേരിട്ട് ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് സുമലത പറഞ്ഞു. മാണ്ഡ്യ മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെ ആകര്‍ഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുമലത മത്സരിക്കാനിറങ്ങുമെന്ന സൂചനകള്‍ ശക്തമാകുന്നത്. ചന്നപട്ടണയ്ക്ക് പുറമേ മാണ്ഡ്യയില്‍ നിന്ന് കൂടി മത്സരിക്കാന്‍ കുമാരസ്വാമി ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. താന്‍ മത്സരിക്കാന്‍ റെഡിയാണെന്ന് സുമലത അറിയിക്കുകയും ചെയ്തിട്ടുണ്ട്.

2019-ല്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ തോല്‍പിച്ചാണ് മാണ്ഡ്യയില്‍ സുമലത അട്ടിമറി വിജയം നേടിയത്. എന്നാല്‍ മണ്ഡലത്തില്‍ കടുത്ത വിരുദ്ധവികാരം നിലവില്‍ സുമലത നേരിടുന്നുണ്ട്. ഇനിയൊരു തവണ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് സുമലത തിരിച്ചറിയുന്നുണ്ട്. അതിനാലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബി. ജെ. പി പിന്തുണയോടെ ഇറങ്ങാന്‍ സുമലത ആലോചിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *