എറണാകുളം: ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 2016 മുതല്‍ യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ആ പദവിയും രാജിവെക്കുകയാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. 30 വര്‍ഷമായി യു.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികള്‍ക്ക് യു.ഡി.എഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ പിന്നീട് അറിയിക്കും. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനം. പ്രഖ്യാപന സമയത്ത് പാര്‍ട്ടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. പുതിയ പാര്‍ട്ടിക്ക് ബി.ജെ.പി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനും യു ഡി എഫിന്റെ സെക്രട്ടറിയുമായിരുന്നു ജോണി നെല്ലൂര്‍. ടി എം ജേക്കബ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍ത്തി പുതിയ പാര്‍ട്ടി 1992 ല്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം അടിയുറച്ച് നിന്നയാളായിരുന്നു ജോണി നെല്ലൂര്‍.