ചൈനയെ മറികടന്ന് ഇന്ത്യ:  ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്

ചൈനയെ മറികടന്ന് ഇന്ത്യ: ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി:  ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യയെന്ന് യു. എന്‍ പോപ്പുലേഷന്‍ ഫണ്ട്. ചൈനീസ് ജനസംഖ്യയേക്കാള്‍ ഇന്ത്യയില്‍ 29 ലക്ഷം പേര്‍ കൂടുതലാണെന്ന് യു. എന്‍. എഫ്. പി. എ പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈനയില്‍ 142. 57 കോടിയാണ് ജനസംഖ്യയെങ്കില്‍ ഇന്ത്യയില്‍ 142. 86 കോടിയിലെത്തി നില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന ജനസംഖ്യ ഉണ്ടായിരുന്ന ചൈനയില്‍ പിന്നീട് വര്‍ധനയ്ക്കു പകരം ജനസംഖ്യാ കണക്കുകള്‍ താഴോട്ടാണ് പോയ്‌ക്കൊണ്ടിരുന്നത്. 1980 കള്‍ മുതല്‍ തന്നെ വര്‍ധന നിരക്കുകള്‍ കുറഞ്ഞു വരുന്നതാണ് കഴിഞ്ഞ വര്‍ഷത്തിനുശേഷം പൂര്‍ണമായും താഴോട്ടായതെന്ന് യു. എന്‍. എഫ്. പി. എ മീഡിയ ആന്‍ഡ് ക്രൈസിസ് കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവ് അന്ന ജഫ്രീസ് പറഞ്ഞു.

ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണ്. 10- 19 പ്രായക്കാര്‍ 18 ശതമാനം, 10-24 പ്രായക്കാര്‍ 26 ശതമാനം, 15-64 പ്രായക്കാര്‍ 68 ശതമാനം, 65 വയസ്സിനു മുകളിലുള്ളവര്‍ ഏഴ് ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1950 കളില്‍ ലോകജനസംഖ്യ കണക്കുകള്‍ യു. എന്‍ പുറത്തുവിടാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഒന്നാം സ്ഥാനത്തായിരുന്ന ചൈനയെ ഇന്ത്യ അതിവേഗം മറികടക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *