നാഗ്പൂര്‍: കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് തള്ളി ആര്‍. എസ്. എസ് പോഷകസംഘടനയായ ഗോ വിഗ്യാന്‍ അനുസാധന്‍ കേന്ദ്ര (ജി. വി. എ. കെ). ഏറ്റവും പുതിയ ഗോമൂത്രത്തില്‍പ്പോലും മനുഷ്യന് അങ്ങേയറ്റം ഹാനികരമായ 14 തരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന ഐ. വി. ആര്‍. ഐ റിപ്പോര്‍ട്ടിനെതിരേയാണ് ജി. വി. എ. കെ രംഗത്തെത്തിയത്.
ഗോമൂത്രം സുരക്ഷിതമാണെന്നും പശു ഒഴിവാക്കിയ ഉടന്‍ കുടിക്കുന്നത് ഉത്തമമാണെന്നും ജി. വി. എ. കെ മേധാവിയും കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചഗവ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ സുനില്‍ മന്‍സിഗ വ്യക്തമാക്കി. പശു പൂര്‍ണ ആരോഗ്യമുള്ള തദ്ദേശീയ ഇനത്തില്‍പ്പെട്ടതായിരിക്കണമെന്ന് ജി. വി. എ. കെ പറഞ്ഞു.
ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ പോലും ഗോമൂത്രം മരുന്നായി നിര്‍ദ്ദേശിക്കുന്നുണ്ടെന്നും കാലങ്ങളായി ഗോമൂത്രം ഔഷധമായി ഉപയോഗിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഐ. വി. ആര്‍. ഐ റിപ്പോര്‍ട്ട് എന്ന് മന്‍സിഗ പറഞ്ഞു. വിഷയം ആയുഷ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ. കെ. കൃഷ്ണമൂര്‍ത്തിയും ജി. വി. കെ ക്ക് പിന്തുണയുമായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഗോമൂത്രം കാന്‍സര്‍ തടയുമെന്ന് ഇരുവരും അവകാശപ്പെട്ടു.