കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തണമെന്നും എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്സ് ഉടന്‍ തന്നെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചിന്നക്കനാലില്‍ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും. അതേസമയം വനം വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെ പണി എടുക്കാതിരിക്കാം എന്നാണ് വനം വകുപ്പ് നോക്കുന്നതെന്നും ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കോടതി വിമര്‍ശിച്ചു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരസ്യപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടും ആദ്യം ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ‘എന്നാല്‍ ടാസ്‌ക് ഫോഴ്സില്‍ ഒരാള്‍ക്ക് ഉത്തരവാദിത്തം വേണം. അത് ഡി.എഫ്.ഒ ആയാലും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയാലും പ്രശ്നമില്ല’, കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് പുറത്ത് പറഞ്ഞാല്‍ സമാന സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.