കോഴിക്കോട്: ശ്രീവര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ നിര്‍മിച്ച് ശ്രീനാഥ് ശിവ സംവിധാനം നിര്‍വഹിച്ച കുടുംബചിത്രമായ ‘സെക്ഷന്‍ 306 ഐപിസി’ പ്രേക്ഷകര്‍ ഏറ്റെടുത്തതായി നിര്‍മാതാവും നടിയുമായ ജയശ്രീയും നിര്‍മാതാവും നടനുമായ ശ്രീജിത്ത് വര്‍മയും സംവിധായകന്‍ ശ്രീജിത്ത് ശിവയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആചാരനുഷ്ഠാനങ്ങളുടെ പേരില്‍ സ്വന്തം ജീവന്‍ പോലും കുരുതി കൊടുക്കേണ്ടി വന്ന അശ്വതി എന്ന എഴുത്തുകാരിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും പെരുവണ്ണാന്‍ സമുദായത്തിന്റെ പച്ചയായ ജീവിതവുമാണ് സിനിമയില്‍ പങ്കുവയ്ക്കുന്നതെന്നും മറ്റ് രാഷ്ട്രീയവിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഒരു മതത്തേയും ഒരു ജാതിയേയും ഒരു രാഷ്ട്രീയത്തേയും താഴ്ത്തി കാണിക്കുന്നില്ലെന്നും ഒരു ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരല്ലായെന്നും എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരേ ഉയര്‍ന്ന ചോദ്യമാണ് സെക്ഷന്‍ 306 ഐപിസി എന്ന സിനിമയിലൂടെ ചിത്രീകരിച്ചതെന്നും അവര്‍ പറഞ്ഞു.
പല വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു മാര്‍ച്ച് രണ്ടിന് നിയമസഭയില്‍ മന്ത്രിമാര്‍ക്കും നിയമസഭാ സാമാജികര്‍ക്കുമായി ചിത്രത്തിന്റെ പ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് 76ഓളം കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. സിനിമ ഇപ്പോള്‍ നല്ല രീതിയില്‍ പ്രദര്‍ശനം നടത്തിവരികയാണ്. കോഴിക്കോട് റീഗല്‍ തിയേറ്ററില്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, ശ്രീജിത്ത് വര്‍മ്മ, രാഹുല്‍ മാധവ്, മറീന മൈക്കിള്‍, സാവിത്രി ശശിധരന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം വിശ്വനാഥന്‍ സംഗീതം നിര്‍വഹിച്ച അവസാന ചിത്രം കൂടിയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി.കെ ഹരിനാരായണന്‍ എന്നിവര്‍ രചന നിര്‍വഹിച്ച് കെ.എസ് ചിത്ര, പി.ജയചന്ദ്രന്‍, വിദ്യാധരന്‍ മാസ്റ്റര്‍, ഇന്ദുലേഖ വാരിയര്‍ എന്നിവര്‍ ആലപിച്ച് വിദ്യാധരന്‍ മാസ്റ്റര്‍ തന്നെ ഈണം നല്‍കിയ മൂന്ന് ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു.