തിരുവനന്തപുരം: കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗത്തില്‍ 10 കോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 10.035 കോടി യൂണിറ്റ് വൈദ്യുതിയാണ്. ഏപ്രില്‍ 13ന് 10.030 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു. ഏപ്രില്‍ 13ന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് രണ്ടുദിവസങ്ങളിലായി മറികടന്നത്.
പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം വര്‍ധിച്ചതാണ് റെക്കോര്‍ഡ് ഉപഭോഗത്തിന് കാരണമായത്. ഇതേ രീതിയില്‍ ഇനിയും ഉപയോഗം തുടര്‍ന്നാല്‍ ലഭ്യമായ വൈദ്യുതി തികയാതെ വരും. അങ്ങനെയായാല്‍ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് യൂണിറ്റിന് 10 രൂപയ്ക്ക് വാങ്ങി കമ്മി നികത്തേണ്ടി വരും. എന്നാല്‍, ഇവിടെ നിന്നും വൈദ്യുതി ലഭിക്കാതെ വന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.
ഈ വര്‍ഷം മാര്‍ച്ച് 13ന് 9.022 കോടി യൂണിറ്റും മാര്‍ച്ച് 14ന് 9.204 കോടി യൂണിറ്റും വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിവസം തോറും ഒരു ശതമാനം വീതം കുറയുകയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ 36 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 35 ശതമാനമായി കുറഞ്ഞു.