ന്യൂഡല്‍ഹി: യു. പിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. അഡ്വ. വിശാല്‍ തിവാരിയാണ് 2017 മുതല്‍ യു. പിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹര്‍ജി നല്‍കിയത്. ഏപ്രില്‍ 24 ന് പരാതി പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
യു. പി പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്ന രാഷ്ടീയ നേതാവ് അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പ്രയാഗ്‌രാജില്‍ കൊല്ലപ്പെട്ടത് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രയാഗ്‌രാജ് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞെത്തിയ മൂന്നുപേര്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് രണ്ടുപേരേയും കൊലപ്പെടുത്തുകയായിരുന്നു.
അതീഖ്, അഷ്‌റഫ് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നും അടിയന്തിരവാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 2017 മുതല്‍ 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് യു.പിയില്‍ നടന്നത്.