ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ചൈന പാകിസ്താനോട് ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്നതിനിടയില്‍ ചൈന-പാക് ബന്ധത്തിന് ഉലച്ചിലുണ്ടാക്കുന്ന രീതിയില്‍ കറാച്ചി പോലീസ് പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ കടകള്‍ അടച്ചു പൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു മാസം മുമ്പാണ് ചൈന ഇസ്ലാമാബാദിലെ എംബസിയുടെ കോണ്‍സുലാര്‍ വിഭാഗം താത്കാലികമായി അടയ്ക്കുകയും പാകിസ്താനിലെ ചൈനീസ് പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. അതിനിടയിലാണ് പാകിസ്താന്റെ ഈ അപ്രതീക്ഷിത നീക്കം. ചൈന അനുവദിച്ച ഭീമമായ ലോണുകളില്‍ ഇളവ് ലഭിക്കാനും തിരിച്ചടവ് കാലാവധി നീട്ടാനും ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് പാക് നടപടിയെന്നാണ് സൂചന.
പാകിസ്താനില്‍ ചൈനീസ് പൗരന്മാരുടെ സുരക്ഷയില്‍ പാക് അധികൃതര്‍ അലംഭാവം കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ ചൈനീസ് പൗരന്മാരേയും ചൈന പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളേയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. വാണിജ്യ പദ്ധതികള്‍, ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പാകിസ്താന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണെന്ന വ്യാജേന ചൈന തങ്ങളുടെ ഭുമി കൈയേറുകയാണെന്ന സംശയം പാകിസ്തനികള്‍ക്കിടയില്‍ ശക്തമാണ്.ജനങ്ങള്‍ക്കിടയിലെ ചൈനാ വിരുദ്ധവികാരം നിയന്ത്രിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ സുരക്ഷാ ഏജന്‍സികള്‍ക്കോ കഴിയുന്നില്ല. അതിനിടെയാണ് ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.