ന്യൂഡല്‍ഹി: പുല്‍വാമ വിഷയത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വിവാദ വെളിപ്പെടുത്തലില്‍
സംയുക്ത നീക്കത്തിനൊരുങ്ങി പ്രതിപക്ഷം. പുല്‍വാമ ഭീകരാക്രമണത്തിന് വിധേയരായ സി.ആര്‍. പി. എഫ് ജവാന്മാരെ കൊണ്ടുപോയ വാഹനവ്യൂഹവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലാണ് പ്രതിപക്ഷം കേന്ദ്രത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിലേക്ക് വരെ നീങ്ങാനാണ് ആലോചന. രഹസ്യാന്വേഷണ വീഴ്ച ഉള്‍പ്പടെ മിണ്ടരുത് എന്ന് തന്നോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു. പ്രതിപക്ഷം യോജിച്ച നീക്കത്തിലേക്ക് കടക്കുമ്പോഴും പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിഷയം ശക്തമായി ഉന്നയിക്കണമെന്ന് കെസി വേണുഗോപാല്‍ ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
സി. ആര്‍. പി. എഫ് ജവാന്മാരെ വ്യോമമാര്‍ഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പുല്‍വാമ ആക്രമത്തിലേക്ക് നയിച്ചതെന്നാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തിയത്. സി. ആര്‍. പി. എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാര്‍ഗ്ഗം കൊണ്ടുപോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ സൈനികരെ റോഡുമാര്‍ഗ്ഗം കൊണ്ടു പോകാറുണ്ടെങ്കിലും 78 വാഹനങ്ങളടങ്ങുന്ന കോണ്‍വോയി പോകാന്‍ തീരുമാനിച്ചത് അസാധാരണമെന്നാണ് സി. ആര്‍. പി. എഫ് വിലയിരുത്തുന്നത്. ഇത് വിവരം ചോരാനും വാഹനവ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. സ്‌ഫോടനമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളില്‍ എവിടെയും സി. ആര്‍. പി. എഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല.
വാഹന വ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക് കാര്‍ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികള്‍ അടഞ്ഞത് കാരണമാണ് നിരവധി സൈനികര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്.