ന്യൂഡല്‍ഹി പുല്‍വാമയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന് പ്രസ്താവനയില്‍ വ്യക്തമായ സ്ഥിതിക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മോദി സര്‍ക്കാര്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യ സുരക്ഷയെയും ജവാന്‍മാരുടെ ജീവനും വെച്ച് കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്നത് രാജ്യത്തിന് ഭീഷണിയാണ്.
രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സെന്‍സസ് നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പതിവ് സെന്‍സസ് കൃത്യമായി നടത്തണം. ഒപ്പം ജാതി സെന്‍സസ് നടപ്പാക്കണം. സംസ്ഥാനങ്ങളില്‍ നടക്കുന്നത് സര്‍വ്വേ മാത്രമാണ്. ജാതി സെന്‍സസ് ഒഴിവാക്കാന്‍ പതിവ് സെന്‍സസ് കൂടി കേന്ദ്രം ഒഴിവാക്കി. തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാകേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.