നാദാപുരം: ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന പുതിയോട്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ കക്കൂസ് ടാങ്ക് വൃത്തിഹീനമായി കാണുകയും മലിനജലം പുറത്തേക്ക് ഒഴുക്കുകയും ക്വാര്‍ട്ടേഴ്‌സിന്റെ പിറകുവശത്ത് ഭക്ഷണ അവശിഷ്ടങ്ങള്‍ , പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കെട്ടിവച്ച നിലയില്‍ കാണുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുകയും ചെയ്തതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടുകയും , താമസക്കാരെ 15 ദിവസം സമയം നല്‍കി ഒഴിപ്പിക്കാനും പുതിയതായി ആരേയും തന്നെ താമസിപ്പിക്കരുതെന്ന് ഉടമയായ അയിശു പുതിയോട്ടിലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5000 രൂപ പിഴ ഈടാക്കി. ക്വാര്‍ട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്ക്, മലിനജല ടാങ്ക് എന്നിവ 15 ദിവസത്തിനകം വൃത്തിയാക്കി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉടമയോട് നിര്‍ദേശിച്ചു.