തൃണമൂല്‍ നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി:  കുടുംബപ്രശ്‌നമെന്ന് സംശയം

തൃണമൂല്‍ നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി:  കുടുംബപ്രശ്‌നമെന്ന് സംശയം

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്‍ സുഭ്രഗ്ഷു റോയിയുടെ പരാതി. തിങ്കളാഴ്ച വൈകീട്ട് മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്‍ക്കത്ത പോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരം അദ്ദേഹം ഡല്‍ഹിയിലേയ്ക്ക് തിരിച്ചുവെന്ന് പറയുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട അദ്ദേഹം രാത്രി ഒമ്പത് മണിയോടെ ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്നതാണെന്നും അതിനിടയില്‍ കാണാതായി എന്നുമാണ പരാതിയില്‍ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നതയെ തുടര്‍ന്ന് 2017ല്‍ ബി. ജെ. പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് 2021ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു.
മുന്‍ സംസ്ഥാന റെയില്‍വെ മന്ത്രിയായ ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നിരവധി നേതാക്കളെ അടര്‍ത്തി കൊണ്ടുപോയിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാനത്തെ ബി. ജെ.പിയുടെ നേതൃത്വത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുവന്ന സുവേന്ദു അധികാരി എത്തിയതോടെ അവഗണിക്കപ്പെട്ട മുകുള്‍ റോയ് തിരികെ മമത ബാനര്‍ജിക്കൊപ്പം ചേരുകയായിരുന്നു.

മുകുള്‍ റോയിയും മകനും തമ്മില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഭാര്യയുടെ മരണശേഷം ശാരീരികാസ്വാസ്ഥ്യം നേരിട്ടിരുന്ന മുകുള്‍ റോയിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബപ്രശ്‌നമാണോ രാഷ്ട്രീയ പ്രശ്‌നമാണോയെന്ന കാര്യം വ്യക്തമല്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *