കോഴിക്കോട്: ആശുപത്രി വികസന സമിതി നിശ്ചയിക്കുന്ന താല്‍ക്കാലിക ജീവനക്കാരും ആര്‍.എസ്.ബി.വൈ/കെ.എ.എസ്.പി ജീവനക്കാര്‍ക്കും ബോണ്ട് നല്‍കണമെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവിനെതിരേ 26ന് രാവിലെ 10 മണിക്ക് ഡി.എം.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള ഗവ.ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസവേതനക്കാരെന്ന പേരില്‍ മാസാടിസ്ഥാനത്തില്‍ വേതനം കൈപ്പറ്റി 10 മുതല്‍ 30 വര്‍ഷംവരെ ജോലിയില്‍ തുടരുന്നവരാണിവര്‍. 65 വയസ് വരെ ജോലിയില്‍ തുടരാം എന്ന സര്‍ക്കാര്‍ ഉത്തരവും താല്‍ക്കാലിക ജീവനക്കാരന് പകരം മറ്റൊരു താല്‍ക്കാലിക ജീവനക്കാരനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവും നിലനില്‍ക്കേ ഡി.എം.ഒ സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നാണ് ഉത്തരവ് നല്‍കിയത്.
ഈ ഉത്തരവ് പിന്‍വലിക്കണം. ധര്‍ണ സി.ഐ.ടി.യു ജില്ലാസെക്രട്ടറി പി.കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.ജി.എച്ച്.ഡി.എസ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.പ്രദീപ്കുമാര്‍ സംസാരിക്കും. ആശുപത്രി വികസനസമിതി ജീവനക്കാരെ എച്ച്.ഡി.എസ്/ എച്ച്.എം.സി എംപ്ലോയിസ് എന്ന പേരില്‍ നിയനം നടത്തുക, തൊഴില്‍ നിയമം അനുസരിച്ച് അര്‍ഹമായ മിനിമം വേതനം- ഇ.പി.എഫ്-ഇ.എസ്.ഐ-ബോണസ്-ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യങ്ങള്‍, ജോലി സര്‍വീസ് അനുസരിച്ച് വെയിറ്റേജ് അനുവദിക്കുക, ആശുപത്രി വികസന സമിതികളില്‍ യൂണിയന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.ധര്‍മജന്‍, സെക്രട്ടറി ടി.എം സുരേഷ്‌കുമാര്‍, ട്രഷറര്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.