ന്യൂഡല്‍ഹി: രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്, സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനങ്ങളില്‍ ചൂട് 45 ഡിഗ്രി എത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അപകടകരമായ തോതില്‍ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ മണിക്കൂറുകളോളം തുറസ്സായ സ്ഥലത്ത് ഇരുന്നവരില്‍ സൂര്യപ്രകാശമേറ്റ് 13 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സിക്കിം, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ ന്യൂന മര്‍ദ്ദം കാരണം ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചാബിലും ഹരിയാനയിലും തിങ്കളാഴ്ച ചൂട് തരംഗത്തിന് സമാനമായ സാഹചര്യമായിരുന്നു. ഇന്നും താപനില ഉയരാനാണ് സാധ്യത.
ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍ക്ക് ഉഷ്ണരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ചൂടില്‍ ശിശുക്കള്‍, വയോധികര്‍, വിടട്ുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ എന്നിവരുള്‍പ്പെടെയുള്ള ദുര്‍ബലരായ ആളുകളില്‍ അപകടസാധ്യത കൂടുതലാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, ഒ. ആര്‍. എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷനുകള്‍ ജലാംശം നിലനിര്‍ത്താനായി പാനീയങ്ങളും കുടിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.