- ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയേക്കില്ല. ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. പ്രതിയെ ഇന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഷഹറൂഖ് സെയ്ഫി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആറു മണി വരെയാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഷഹറൂഖ് സെയ്ഫിയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും പോലിസ് പറഞ്ഞിരുന്നു. ഷാരൂഖിനെ ട്രെയിന്‍ ബോഗികളുള്ള കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഷൊര്‍ണൂരില്‍ നാല് പേരെ പോലിസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം ഷഹറൂഖ് ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയിലെ കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഷഹറൂഖ് സെയ്ഫി തീവ്ര മതമൗലികവാദിയാണെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും വ്യക്തമാക്കി. ഇയാള്‍ക്ക് പരസഹായം ലഭിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്.
ആക്രമണം ആസൂത്രണം ചെയ്ത് തന്നെയാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ചെറിയ കാലയളവേ ആയിട്ടുള്ളു. ഈ സമയത്തിനുള്ളില്‍ കുറ്റകൃത്യത്തെ കുറിച്ചുള്ള പരമാവധി തെളിവുകള്‍ ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളിലും കൂടുതലും അന്വേഷണം നടത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. വളരെ വിശദമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി.