മുംബൈ: എന്‍. സി. പിയിലെ വിമതനീക്കം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍. സി. പിയില്‍ വിമതനീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ആരും എം. എല്‍. എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂനെയില്‍ നടക്കുന്ന മഹാവികാസ് അഘാടിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എന്‍. സി. പി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്. മഹാരാഷ്ട്രയില്‍ 15 എം. എല്‍. എ മാരോടൊപ്പം അജിത് പവാര്‍ ബി. ജെ. പിയിലേയ്ക്ക് മാറിയേക്കുമെന്നാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയോടൊപ്പം വിമത പ്രവര്‍ത്തനം നടത്തിയ 16 എം. എല്‍. എ മാരെ സുപ്രീം കോടതി അയോഗ്യരാക്കിയാല്‍ ബദല്‍ എന്ന നിലയില്‍ അജിത് പവാറിനേയും കൂടെയുള്ള എം. എല്‍. എമാരേയും ബി. ജെ. പി ഒരുക്കി നിര്‍ത്തിയിരിക്കുന്നുവെന്നാണ് അഭ്യൂഹം.