കോഴിക്കോട്: കുട്ടികള്‍ക്ക് വേണ്ടി സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ(സിജി) കഴിഞ്ഞ 20 വര്‍ഷങ്ങളിലായി സംഘടിപ്പിക്കുന്ന സഹവാസ ക്യാംപുകളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി.മൂന്ന് മുതല്‍ പ്ലസ് 2 വരെ ക്ലാസടിസ്ഥാനത്തില്‍ നടക്കുന്ന ക്യാംപുകള്‍ ഏപ്രില്‍ 26ന് തുടങ്ങി മെയ് 18 ന് അവസാനിക്കും. ഓരോ ക്ലാസിനും മൂന്ന് ദിവസം വീതമുള്ള 10ക്യാംപുകളാണ് നടക്കുക.
കുട്ടികളുടെ പ്രായത്തിനും പഠിക്കുന്ന ക്ലാസിനും അനുസരിച്ച് പഠന ശേഷികള്‍, ഭാഷാ/സാഹിത്യ ശേഷികള്‍, നൂതന ശേഷികള്‍, ചിന്താ ശേഷികള്‍, പ്രശ്‌ന പരിഹാര ശേഷികള്‍, വഴക്കം (flexibility), സഹകരണവും സഹവര്‍തിത്വവും, ആശയ വിനിമയപാടവം, വിവര ശേഖരപാടവം, വിവിധ സാക്ഷരതകള്‍, നേതൃത്വശേഷി, ദിശാ നിര്‍ണയം, സാമൂഹ്യ ഇടപെടലുകള്‍ തുടങ്ങിയ പല കാര്യങ്ങളും ക്യാംപുകളില്‍ പരിശീലിപ്പിക്കുന്നതാണ്. പറഞ്ഞു പഠിപ്പിക്കുകയെന്ന സാമ്പ്രദായിക രീതി വിട്ട് ചെയ്ത് പരിശീലിപ്പിക്കുകയെന്ന നൂതന രീതിയിലായിരിക്കും ക്യാംപുകള്‍ നടക്കുക.
പരിചയ സമ്പന്നരായ പരിശീലകര്‍ കൂടിയായ സിജിയുടെ വിദ്യാഭ്യാസ-സാമൂഹ്യ സേവകര്‍ അടങ്ങുന്ന വിദഗ്ധ ടീമുകളായിരിക്കും ഓരോ ക്യാംപുകളും നയിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസ സൗകര്യവും പെണ്‍കുട്ടികള്‍ക്ക് ലേഡീ മെന്റേഴ്‌സിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും 8086662004, 8086663008 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സിജി അഡ്മിനിസ്‌ട്രേറ്റര്‍ അനസ് ബിച്ചു അറിയിച്ചു.