ന്യൂഡല്‍ഹി: ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്ത യുവതിക്ക് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതായി ആരോപണം. സുവര്‍ണ ക്ഷേത്രത്തിലെ ഗാര്‍ഡാണ് മുഖത്ത് ത്രിവര്‍ണ പതാക പെയിന്റ് ചെയ്ത യുവതിയെ തടഞ്ഞത്. ഇത് ഇന്ത്യയല്ല, പഞ്ചാബ് ആണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ യുവതിയെ തടയുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദൃശ്യമാണ്.
പഞ്ചാബ് ഇന്ത്യയിലല്ലേ എന്ന് യുവതിയോടൊപ്പം ഉള്ളയാള്‍ ചോദിക്കുന്നുണ്ടെങ്കിലും ഗാര്‍ഡ് നിഷേധാര്‍ഥത്തില്‍ തലയാട്ടുന്നതും ഒടുവില്‍ യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ സുവര്‍ണ ക്ഷേത്രത്തിന്റെ ഭരണസമിതിയായ ശിരോമണി ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചെങ്കിലും യുവതിയുടെ മുഖത്തുണ്ടായിരുന്നത് ദേശീയപതാകയല്ലെന്നും അതില്‍ അശോകചക്രം ഉണ്ടായിരുന്നില്ലെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയാവാമെന്നും ജനറല്‍ സെക്രട്ടറി ഗുരുചരണ്‍ സിങ് പറഞ്ഞു.