മുംബൈക്കും രാജസ്ഥാനും വിജയം

മുംബൈക്കും രാജസ്ഥാനും വിജയം

മുംബൈ: തുടര്‍ച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറിയും ഇന്ത്യക്കാരന്റെ ആദ്യ സെഞ്ചുറിയും തന്റെ പേരിലാക്കിയ അയ്യര്‍ 51 പന്തില്‍ 104 റണ്‍സ് നേടി പുറത്തായി. ആറ് ഫോറും ഒന്‍പത് സിക്‌സും ആ ഇന്നിങ്‌സിലുണ്ടായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് കെ.കെ.ആറിന് നേടാനായത്. സച്ചിന്‍ ടെണ്ടുള്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുള്‍ക്കറിന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരവും കൂടിയായിരുന്നു ഇന്നലത്തേത്‌. രണ്ട് ഓവര്‍ പന്തെറിഞ്ഞ അര്‍ജുന് വിക്കറ്റൊന്നും നേടാനായില്ല. മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് വേണ്ടി ഇഷന്‍ കിഷന്‍ 58(25), സൂര്യകുമാര്‍യാദവ് 43(25), തിലക് വര്‍മ 30(25), ടിം ഡേവിഡ് 24*(13) തിളങ്ങിയപ്പോള്‍ 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വെങ്കടേഷ് അയ്യരാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെ അവരുടെ മടയില്‍ പോയി തോല്‍പ്പിച്ച് സഞ്ജുവും കൂട്ടരും. ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറിലായിരുന്ന രാജസ്ഥാന്റെ വിജയം. ടോസ് നാഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 45(34)ഉം ഡേവിഡ് മില്ലര്‍ 46(30), ഹാര്‍ദിക് പാണ്ഡ്യ 28(19), അഭിനവ് മനോഹര്‍ 27(13) എന്നിവരുടെ പ്രകടനം ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് തുടക്കം തന്നെ അടി പതറി. ജയ്‌സ്വാള്‍ ഒരു റണ്ണിനും ബട്‌ലറര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ക്യാപ്റ്റന്‍ സഞ്ജുവും ദേവ്ദത്ത് പടിക്കലും മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. 26 റണ്‍സുമായി പടിക്കല്‍ മടങ്ങിയെങ്കിലും ഹെറ്റ്‌മെയറെ കൂട്ടുപിടിച്ച് സഞ്ജു പോരാട്ടം തുടര്‍ന്നു. റാഷിദ് ഖാനെ ഒരോവറില്‍ തുടരെ മൂന്ന് സിക്‌സറുകള്‍ പറത്തി സഞ്ജു തന്റെ നയം വ്യക്തമാക്കി. ക്രിസ് ഗെയ്‌ലിന് ശേഷം ആദ്യമായാണ് റാഷിദ് ഖാന്റെ ഒരോവറില്‍ തുടരെ ഒരു ബാറ്റ്‌സ്മാന്‍ മൂന്ന് സിക്‌സ് നേടുന്നത്. ഗെയ്ല്‍ തുടര്‍ച്ചയായി നാല് സിക്‌സുകളാണ് നേടിയത്. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം 60 റണ്‍സെടുത്ത് സഞ്ജു മടങ്ങിയെങ്കിലും ധ്രുവ് ജെറൂലിനേയും അശ്വിനേയും കൂട്ടുപ്പിടിച്ച് ഹെറ്റ്‌മെയര്‍ രാജസ്ഥാനെ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 26 പന്തില്‍ രണ്ട് ഫോറും 5 സിക്സും സഹിതം 56* റണ്‍സുമായി ഹെറ്റ്മെയര്‍ പുറത്താവാതെ നിന്നു. ധ്രുവ് ജുറേല്‍ 18(10)ഉം അശ്വിന്‍ 10(3)ഉം റണ്‍സ് നേടി. ഹെറ്റ്‌മെയറാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *