കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം മേളയായ ‘പാവയില്‍ ഫെസ്റ്റ് 2023’ 23 മുതല്‍ 30 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലക്കുളത്തൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകള്‍ അതിര് പങ്കിടുന്ന പാവയില്‍ പ്രദേശത്താണ് ഫെസ്റ്റ് അരങ്ങേറുന്നത്. 23ന് വൈകീട്ട് 5.30ന് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫെസ്റ്റിന്റെ സമാപന സമ്മേളനം 30ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കും. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 250ഓളം നര്‍ത്തകര്‍ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ദേശീയ നൃത്തോത്സവത്തില്‍ പങ്കെടുക്കും. ഓള്‍ ഇന്ത്യ ഡാന്‍സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
ദീപശിഖാ പ്രയാണം, സാംസ്‌കാരിക ഘോഷയാത്ര, റസിഡന്റ്‌സ് കലോത്സവം, അങ്കണവാടി കലോത്സവം, സാക്‌സാഫോണ്‍ മ്യൂസിക് കണ്‍സേര്‍ട്ട്, നാട്ടുണര്‍വ്, മെഗാ ഗാനമേള, ജെ.എസ് ഡാന്‍സ് കമ്പനി ഫ്യൂഷന്‍, ഗുജറാത്തി സ്ട്രീറ്റ് മ്യൂസിക് ബാന്‍ഡ്, നാടകോത്സവം, ചലച്ചിത്രോത്സവം, നാടന്‍ കലാമേള, പാടാം പാടിതിമിര്‍ക്കാം തുടങ്ങിയ പരിപാടികള്‍ ഒരേ സമയം വിവിധ വേദികളിലായി അരങ്ങേറും. കൂടാതെ ജലോത്സവവും ഉണ്ടാകും.
ട്രൈബല്‍ ഡെ, ഇന്ത്യന്‍ ആര്‍മി മദ്രാസ് റജിമെന്റ് (എസ്.5)ന്റെ അണ്‍ ആര്‍മ്ഡ് കോംപാക്ട് ഡിസ്‌പ്ലെ, ചെണ്ടമേളം, ഫയര്‍ ഡിസ്‌പ്ലെ തുടങ്ങിയവയും അരങ്ങേറും. ഫെസ്റ്റ് വില്ലേജില്‍ കന്യാവനയാത്ര, കാനനയാത്ര, അക്കരെ കാഴ്ച, ഊഞ്ഞാല്‍ ഗ്രാമം, ചങ്ങാടയാത്ര, ബോട്ട് സവാരി, ജലവിനോദങ്ങള്‍, പുഴകണ്ട് കുതിര സവാരി, പുഷ്പ പ്രദര്‍ശനം, വില്‍പ്പനചന്തകള്‍, വിവിധയിനം ഭക്ഷണശാലകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവ ഉണ്ടാകും. ഫെസ്റ്റിന്റെ വിളംബരമായി 19ന് പുഴസംരക്ഷണ സന്ദേശവുമായി ‘പുഴപ്പെരുമ’ ചിത്രരചന സംഘടിപ്പിക്കും. ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഴപ്പെരുമയില്‍ 60 പ്രശസ്ത ചിത്രകാരന്മാര്‍ 60 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ പുഴചാന്തുകള്‍ ഉപയോഗിച്ച് ചിത്രരചന നടത്തും. പുഴയുടെ വിവിധഭാഗങ്ങള്‍ നിന്നും ശേഖരിക്കുന്ന വിവിധ ഗുണത്തിലും നിറത്തിലുമുള്ള ചെളി കൂട്ടിച്ചേര്‍ത്താണ് ചിത്രരചനയ്ക്കുള്ള പുഴചാന്ത് തയ്യാറാക്കുന്നത്. 19ന് രാവിലെ 10 മണിക്ക് ചിത്ര രചന ഉദ്ഘാടനം ചെയ്യും. പുഴപ്പെരുമയില്‍ പിറവിയെടുക്കുന്ന ചിത്രങ്ങള്‍ ഫെസ്റ്റ് വില്ലേജില്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സുരേഷ് കാളോത്ത്, ഒ.എം രജത്ത്, കെ. സഹദേവന്‍, സുരേഷ് മലയില്‍, എ.ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.