കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളമുടക്കം; ജീവനക്കാര്‍ സമരത്തിലേക്ക്

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളമുടക്കം; ജീവനക്കാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ശമ്പളം പൂര്‍ണമായി ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. സി.ഐ.ടി.യുവിന്റെയും ടി.ഡി.എഫിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫിസില്‍ ധര്‍ണ സംഘടിപ്പിച്ചു. വിഷുവിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളം ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ നിരാശ മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഉണ്ടാകുന്ന ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ സമരം സംഘടിപ്പിച്ചത്.

കെ.എസ്.ആര്‍.ടി.സി എം.ഡിക്കും ഗതാഗത മന്ത്രിക്കും നേരെയാണ് സംഘടനകളുടെ വിമര്‍ശനം. 230 കോടി രൂപ മാര്‍ച്ച് മാസം വരുമാനമായി ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ദുരിതം മാത്രമാണെന്നാണ് യൂണിയനുകളുടെ ആക്ഷേപം. നിലവില്‍ മാര്‍ച്ച് 15 വരെയുളള ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബാക്കി കുടിശ്ശിക ശമ്പളം എപ്പോള്‍ നല്‍കുമെന്ന കാര്യത്തില്‍ ഉദ്യാഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടില്ല.

കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരേ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു രംഗത്തെത്തി. ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ചുമതല ഒഴിയണമെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു. ഗതാഗത മന്ത്രിക്ക് നേരെയും വിമര്‍ശനം ഉണ്ടായി. മാനേജ്മെന്റ് മാത്രമല്ല ഇതിന് ഉത്തരവാദികള്‍ എന്നാണ് സമരക്കാരുടെ പ്രതികരണം. സി.ഐ.ടി.യുവിനും ടി.ഡി.എഫിനും പുറമെ ബി.എം.എസും സമരമുഖത്തുണ്ട്. മെയ് അഞ്ചിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് നേതൃത്വം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *