ന്യൂഡല്‍ഹി: ആരെയ് വനമേഖലയില്‍ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റി കോടതിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുബൈ മെട്രോയ്ക്ക് സുപ്രീം കോടതി 10 ലക്ഷം രൂപ പിഴയിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴയടക്കാനാണ് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ്. നരസിംഹ, ജസ്റ്റിസ് ജെ. ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശമായ ഗോരേഗാവില്‍ 1,300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ആരെയ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനുസമീപമാണ് സ്ഥിതിചെയ്യുന്നത്. മെട്രോപോളിസിന്റെ പച്ച ശ്വാസകോശം എന്ന് വിളിക്കപ്പെടുന്ന ആരെയ് അല്ലെങ്കില്‍ ആരെയ് മില്‍ക് കോളനി നിരവധി തദ്ദേശീയ ഇനം വൃക്ഷങ്ങളുടേയും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടേയും ആവാസകേന്ദ്രവും മുംബൈയിലെ അവശേഷിച്ചിരിക്കുന്ന വനഭൂമിയുമാണ്.
ആരെയ് കോളനിയിലെ മരം മുറിക്കെതിരേ നിയമ വിദ്യാര്‍ഥിയായ റിഷവ് രഞ്ജന്‍ നല്‍കിയ പരാതിയില്‍ 2019ലാണ് കോടതി സ്വമേധയാ കേസെടുത്തത്. ആരേയ് വനമേഖലയില്‍ നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെത് അനുചിതമായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാലും സ്റ്റേ നല്‍കുന്നത് മെട്രോ പദ്ധതി വൈകുന്നതിന് ഇടയാക്കുമെന്നതിനാല്‍ 177 മരങ്ങള്‍ മുറിക്കാന്‍ കോടതി അനുമതി നല്‍കി. മെട്രോ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴയടക്കണമെന്നും വനവത്കരണം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് സംരക്ഷകര്‍ ഉറപ്പു വരുത്തണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.