അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തെ കൈവിട്ട് സുപ്രീം കോടതി; ഹര്‍ജി തള്ളി

അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തെ കൈവിട്ട് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് കേരളത്തിന് തിരിച്ചടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് തന്നെ കേള്‍ക്കാമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യമുണ്ടായിരുന്നു.
1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെട്ടത് തെറ്റാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടതെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 2017ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും 22 വീടുകളും ആറ് കടകളും തകര്‍ത്തു. എന്നാല്‍, ഏഴു പേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം പോലും ഹൈക്കോടതി കണക്കിലെടുത്തില്ല. എല്ലാ വനപ്രദേശത്തിന്റെയും 20 മുതല്‍ 30 കിലോമീറ്ററിനുള്ളില്‍ ജനങ്ങള്‍ വസിക്കുന്നതിനാല്‍ മറ്റൊരു വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ വിഷയങ്ങള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *