അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുമത്തിയ കെട്ടിട നികുതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണം: ഐ.എ.എം.ഇ

അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചുമത്തിയ കെട്ടിട നികുതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണം: ഐ.എ.എം.ഇ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും വന്‍തോതില്‍ കെട്ടിട നികുതി ചുമത്തിയ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഐ.എ.എം.ഇ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ രണ്ടായിരത്തോളം അണ്‍-എയ്ഡഡ് കേരള സിലബസ് സ്‌കൂളുകളുടേയും 1700 ഓളം വരുന്ന സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകളുടേയും പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്ന ഈ നടപടി, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വളരെ മോശമായി ബാധിക്കും. 2009ല്‍ അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശം 2011 ജനുവരി മുതലാണ് അണ്‍-എയ്ഡഡ് മേഖലയെ നികുതിദായകരാക്കിയത്. സുപ്രീകോടതി വിധിയാണ് അന്ന് സകൂളുകളുടെ സഹായത്തിനെത്തിയത്. കോടതി വിധി മറികടക്കാനുള്ള വ്യവസ്ഥകള്‍, സംസ്ഥാന ബജറ്റിന്റെ ഭാഗമായ ധനകാര്യ ബില്ലിലൂടെ കേരള പഞ്ചായത്ത് രാജ്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ വരുത്തിയാണ് സര്‍ക്കാര്‍ വീണ്ടും ഈ വഴിക്ക് നീങ്ങിയത്.

ഏപ്രില്‍ ഒന്ന് മുതല്‍ കെട്ടിട നികുതി ചുമത്താന്‍ നിയമപരമായി അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം കുടിശ്ശിക സഹിതം നികുതി പിരിക്കാന്‍ നോട്ടീസ് അയച്ച് തുടങ്ങിയിട്ടുണ്ട്. വന്‍തോതിലുള്ള കെട്ടിട നികുതി സ്വാഭാവികമായും സ്‌കൂള്‍ ഫീസില്‍ പ്രതിഫലിക്കും. പൊതുവായ വിലക്കയറ്റത്തിന്റേയും മറ്റ് നികുതി വര്‍ധനയുടേയും പേരില്‍ പൊറുതിമുട്ടിയ ജനത്തിന് ഇതും ഒരു ബാധ്യതയാകും. സാമൂഹ്യ-സേവന തല്‍പരരായ കമ്മിറ്റികളുടേയും ട്രസ്റ്റുകളുടേയും നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഭൂരിപക്ഷം അണ്‍-എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളും. ഇവയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നീതിരഹിതമായ ഈ നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അണ്‍-എയ്ഡഡ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് സുഗമമായ പ്രവര്‍ത്തനത്തിന് തുടര്‍ന്നും അവസരമൊരുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഫിനാന്‍സ് സെക്രട്ടറി അഫ്‌സല്‍ കൊളാരി, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ വി.പി.എം ഇസ്ഹാഖ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *