ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 വയസുകാരനെ തട്ടിക്കൊണ്ടുപോയി മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ്’ എന്ന് വിളിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഇന്‍ഡോറിലെ ലസുദിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന നിപാനിയ മേഖലയിലാണ് സംഭവം. താന്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതികള്‍ സമീപിച്ചു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാല്‍ വാങ്ങിതരാമെന്നും പ്രതികള്‍ പറഞ്ഞുവെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.
തുടര്‍ന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേന മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടി സമ്മതിക്കാത്തതിനാല്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് വിവരം വീട്ടില്‍ അറിയിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രതികള്‍ കുട്ടിയെ വസ്ത്രം അഴിക്കാനും മതപരമായ മുദ്രാവാക്യം വിളിക്കാനും നിര്‍ബന്ധിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ജനങ്ങള്‍ രോഷാകുലരാണെന്നാണ് റിപ്പോര്‍ട്ട്. ഇരയാക്കപ്പെട്ട കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.