ന്യൂഡല്‍ഹി സര്‍ക്കാര്‍ എല്ലാ പത്രങ്ങളോടും തുല്യത പാലിക്കണമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന്റെ ഇഷ്ട പത്രം എന്ന് തോന്നിക്കുന്ന തരത്തില്‍ പത്രങ്ങളോട് പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ‘സാക്ഷി’ ദിനപത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ തെലുങ്ക് ദിനപത്രമായ ‘ഈനാട്’ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.
തെലുങ്ക് പത്രമായ സാക്ഷി വാങ്ങുന്നതിന് ഓരോ ഗ്രാമ- വാര്‍ഡ് വളണ്ടിയര്‍ക്കും സാമ്പത്തിക സഹായമായി സംസ്ഥാന ഫണ്ടില്‍ നിന്ന് പ്രതിമാസം 200 രൂപ അനുവദിച്ചിരുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെയായിരുന്നു ഹര്‍ജി.
സാക്ഷി ദിനപത്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ഇത് സാക്ഷിയേക്കാള്‍ പ്രതിമാസ നിരക്കുള്ള ഈനാട് പത്രത്തിന് പ്രതികൂലമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സാക്ഷിക്ക് പ്രതിമാസം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് 176.50 രൂപയാണ്. ഈടനാടിന് പ്രതിമാസം 207.50 രൂപയുമാണ് ഈടാക്കുന്നത്. ആന്ധ്രാ കോടതി ഹര്‍ജി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.