ആലപ്പുഴ: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിചാരണ കസ്റ്റഡിയില്‍ വെച്ച് തന്നെ വേണമെന്ന് പ്രോസിക്യൂഷന്‍. കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദം. ഷാരോണിന്റെ സഹോദരന്‍ ഷിമോണും നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ 28ന് കോടതി വാദം കേള്‍ക്കും.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. 14-ാം തിയതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരോണ്‍ ചികിത്സയിലായിരിക്കെ 25ന് മരിച്ചു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വിഷം നല്‍കാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിന് ഗ്രീഷ്മയ്‌ക്കെതിരെ 364-ാം വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.