ചാലക്കര പുരുഷു
മാഹി: കൊവിഡിന് ശേഷം നാടെങ്ങും പടക്കങ്ങള്‍ പൊട്ടിച്ച് വിഷു ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, മയ്യഴിയിലെ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളില്‍ തീ പുകയില്ല. മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിങ്ങ് മില്‍ അടച്ചിട്ടിട്ട് മൂന്ന് വര്‍ഷമായി. സ്ഥിരം തൊഴിലാളികളായ 200 പേര്‍ക്ക് ആറ്മാസം മുമ്പ് വരെ 35 ശതമാനം ശമ്പളം ലഭിച്ചിരുന്നു. ഇപ്പോഴതുമില്ല. നീണ്ടു നിന്ന സമരങ്ങളും കട്ടക്കെണിയില്‍പ്പെട്ട് ആത്മഹത്യ പോലുമുണ്ടായിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. തൊഴിലാളി കുടുംബങ്ങള്‍ തീര്‍ത്തും പട്ടിണിയിലുമായി.
ഇതിന് പുറമേ പുതുച്ചേരി സര്‍ക്കാരിന്റെ കീഴിലുള്ള കോര്‍പറേഷനുകളായ പാപ്‌സ്‌കോ, പോണ്ടെക്‌സ്, പാസിക് എന്നീ മാഹിയിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമായിട്ട് അഞ്ച് വര്‍ഷങ്ങളായി. വല്ലപ്പോഴും എന്തെങ്കിലും കിട്ടിയാലായി. പി.എഫ് വിഹിതം അടയ്ക്കാത്തതിനാല്‍ ഇ.എസ്.ഐ ആനുകൂല്യങ്ങളടക്കം കിട്ടുന്നില്ല, പെന്‍ഷനായവര്‍ക്കുള്ള ആനുകുല്യങ്ങളും അവതാളത്തിലായി. മുന്‍കാലങ്ങളില്‍ വിഷുവിന് അരിയും, പഞ്ചസാരയുമെല്ലാം സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ അതുമില്ല. അതിനിടെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന പോണ്ടെക്‌സിലെ ജീവനക്കാരനെ മാഹിയില്‍ നിന്നും കാരിക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ലാഭത്തിലോടിയിരുന്ന ഈ സ്ഥാപനങ്ങളൊക്കെ അധികൃതരുടെ കെടുകാര്യസ്ഥത കൊണ്ടാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.