വാഷിങ്ടണ്‍: അതീവ രഹസ്യ സ്വഭാവമുള്ള പെന്റഗണ്‍ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ യുഎസ് വ്യോമസേനാംഗം അറസ്റ്റില്‍. 21കാരനായ ജാക ടിഷേറെയെയാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. ടൈറ്റനിലുള്ള കുടുംബ വീട്ടില്‍ നിന്നാണ് ജാക ടിഷേറയെ പിടികൂടിയതെന്ന് എഫ്. ബി. ഐ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2013ല്‍ സമാനമായ രീതിയില്‍ ദേശീയ സുരക്ഷ സേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി എഡ്വേര്‍ഡ് സ്നോഡനും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സ്‌നോഡന്‍ പുറത്തുവിട്ട രേഖകള്‍ അമേരിക്കയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ടിഷേറ പെന്റഗണ്‍ രേഖകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡിസ്‌കോര്‍ഡില്‍ പങ്കുവെച്ചുവെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ‘തഗ് ഷേക്കര്‍ സെന്‍ട്രല്‍’ എന്ന ചാറ്റ് ഗ്രൂപ്പ് വഴി ‘ഒജി’ എന്ന പേരിലാണ് ടിഷേറ രേഖകള്‍ ചോര്‍ത്തിയത്. ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ പോസ്റ്റ് പുറത്തുവന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ആദ്യം മുഖ്യധാരാ മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയതോടെയാണ് സമഗ്രമായ അന്വേഷണം നടത്താന്‍ എഫ്ബിഐ തീരുമാനിക്കുന്നത്.
ടിഷേറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കാര്യങ്ങളില്‍ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളും മറ്റു പല രാജ്യങ്ങളെ സംബന്ധിച്ചുള്ള നിര്‍ണായക രേഖകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടിഷേറ ചോര്‍ത്തിയ വിവരങ്ങള്‍ അമേരിക്കയ്ക്ക് ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.