തിരുവനന്തപുരം: പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്ത എന്‍. സി. ഇ. ആര്‍. ടി നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു അദ്ദേഹം. സിലബസുകളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം നടപടിയെ കാണാനെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ഭരണഘടന എന്തുകൊണ്ട്, എങ്ങനെ’ എന്ന അധ്യായത്തില്‍ നിന്നാണ് പ്രസ്തുത ഭാഗം നീക്കം ചെയ്തിരിക്കുന്നത്. പകരം ‘ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ എന്നിവര്‍ ഭരണഘടനാ അസംബ്ലി കമ്മിറ്റികളുടെ അധ്യക്ഷന്മാരായിരുന്നു’ എന്നാണ് പുതുക്കിയ വരിയില്‍ പറയുന്നത്. 1946 ല്‍ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതില്‍ അബുള്‍കലാം ആസാദ് സുപ്രധാന പങ്കാണ് വഹിച്ചത്.
‘ഖുതബ് മിനാരത്തിന്റെ ഉയരങ്ങളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദുമുസ്ലിം ഐക്യം തകര്‍ന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാല്‍, ആ സ്വാതന്ത്ര്യം ഞാന്‍ വേണ്ട എന്ന് വെയ്ക്കും.’ സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകള്‍ മൗലാനാ അബുള്‍ കലാം ആസാദിന്റേതാണ്.