ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത പത്തു ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാന്‍,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.രണ്ടാഴ്ചയ്ക്കപ്പുറം കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആശുപത്രികളില്‍ 90 ശതമാനം ഐ.സി.യു കിടക്കകളും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കി.