കണ്ണന് കണിയൊരുക്കി അനില്‍കുമാറിന്റെ കൃഷിയിടം

കണ്ണന് കണിയൊരുക്കി അനില്‍കുമാറിന്റെ കൃഷിയിടം

ചാലക്കര പുരുഷു

മാഹി: മയ്യഴിക്കാര്‍ ഇത്തവണ വിവിധ ക്ഷേത്രങ്ങളില്‍ ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം കണി കാണുക, മയ്യഴിക്കാരുടെ ഇഷ്ട കര്‍ഷകന്‍ കോവുക്കല്‍ അനില്‍കുമാറിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങളാണ്. മയ്യഴിയിലെ പ്രമുഖ ശ്രീകൃഷ്ണദേവാലയങ്ങളായ മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കല്‍ വേണുഗോപാലാലയം, മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കും ഒട്ടേറെ വിശ്വാസികള്‍ക്കും കണി വസ്തുക്കള്‍ സൗജന്യമായി നല്‍കിയത് അനില്‍കുമാറാണ്. വിവിധ ക്ഷേത്രം പ്രസിഡന്റുമാരായ പി.പി വിനോദ് , സജിത് നാരായണന്‍, കെ.പി അശോക് എന്നിവരും പ്രമുഖ അഭിഭാഷകന്‍ ടി. അശോക് കുമാര്‍, വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി, കെ.അജിത് കുമാര്‍ മാസ്റ്റര്‍, കെ.എം പവിത്രന്‍, ബാബുട്ടി തുടങ്ങി ഒട്ടേറെ പേര്‍ അനില്‍കുമാറിന്റെ കൃഷിയിടം സന്ദര്‍ശിച്ചു. പലതരം പച്ചക്കറികള്‍, സങ്കരയിനം തണ്ണിമത്തന്‍, കണി വെള്ളരി കയ്പ, കോവയ്ക്ക, പടവലം, പേരക്ക, ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങി ഒട്ടേറെ ഫലങ്ങള്‍ അനിലിന്റെ കൃഷിയിടത്തെ സമ്പന്നമാക്കിയിട്ടുണ്ട്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും മാഹിയിലില്ലാത്ത ഇദ്ദേഹം വാടക വീടിന് സമീപത്തെ കാടുപിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കിയാണ് ജൈവകൃഷി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 100 നേന്ത്രവാഴക്കന്നുകള്‍ വച്ചസ്ഥലത്തിനിടയിലാണ് അനില്‍ പച്ചക്കൃഷിയും നടത്തിയത്.

ചുമട്ട് തൊഴിലാളിയായ അനില്‍കുമാറിന് വര്‍ഷങ്ങളായികൃഷിയോടുള്ള ഉല്‍ക്കടമായ അഭിനിവേശം കണ്ടറിഞ്ഞ ചിലരാണ് കൃഷിയിടം വിട്ടു നല്‍കിയത്. തന്റെ വാടക വീട്ടിലെ മട്ടുപ്പാവിലും മതിലുകള്‍ക്ക് മുകളിലും വരെ ഗ്രോ ബാഗുകളും മണ്‍ചട്ടികളും ഒരുക്കി വിഷരഹിത പച്ചക്കറി കൃഷി നടത്തുന്ന അനില്‍ കുമാര്‍ ആര്‍ക്കും ഇത് ചെയ്യാമെന്നും അതിനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതിയെന്നുമാണ് തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുന്നത്. വരുമാനത്തിന്റെ നല്ലൊരു ഭാഗം കൃഷിക്കും കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് വിനിയോഗിക്കുന്നത്. പുതുതായി കൃഷിയിലേക്ക് കടന്നു വരുന്ന ആര്‍ക്കും അനില്‍ കുമാറിനെ ഒന്ന് വിളിച്ചാല്‍ മതി. സ്വന്തമായി മുളപ്പിച്ചെടുത്ത ചെടികളുകളുമായി അദ്ദേഹം വിളിച്ചിടത്തെത്തും. കൃഷി രീതികളെ പരിചയപ്പെടുത്തും. സൗജന്യമായി തൈകള്‍ വിതരണം ചെയ്യും. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും, അലങ്കാരച്ചെടികള്‍ നട്ട് പിടിപ്പിച്ച് പരിപാലിക്കുകയെന്നതും അനില്‍ കുമാറിന്റെ ദിനചര്യയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *