ന്യൂഡല്‍ഹി: പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മൗലാനാ അബുള്‍ കലാം ആസാദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റിയ എന്‍. സി.ഇ. ആര്‍. ടി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍. ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെ കൂട്ടിച്ചേര്‍ക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ആളുകളെ നീക്കം ചെയ്യുന്നത് നമ്മുടെ ബഹുസ്വര ജനാധിപത്യത്തിനും അതിന്റെ ചരിത്രത്തിനും യോജിച്ചതല്ലെന്നും നാണക്കേടാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പുതുക്കിയ പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അറ്റ് വര്‍ക്ക് എന്ന ഭാഗത്തില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായ മൗലാനാ ആസാദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയത്. ഭരണഘടനാ അസംബ്ലിയില്‍ എട്ട് പ്രധാന കമ്മിറ്റികളുണ്ടായിരുന്നുവെന്നും ജവഹര്‍ലാല്‍ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, മൗലാനാ അബുള്‍കലാം ആസാദ് എന്നിവരെല്ലാം കമ്മിറ്റികളില്‍ അധ്യക്ഷത വഹിച്ചുവെന്നും പരിഷ്‌കരിക്കുന്നതിനു മുമ്പുള്ള പതിപ്പിലുണ്ടായിരുന്നു. പരിഷ്‌കരിച്ച പതിപ്പില്‍ നിന്ന് ആസാദിനെ നീക്കം ചെയ്തു.