കോഴിക്കോട്: മലബാര്‍ ദേവസ്വത്തിലെ മദിരാശി നിയമം നിര്‍ത്തലാക്കി കേരള നിയമം കൊണ്ടുവരിക, ശമ്പള പരിഷ്‌കരണ പടികള്‍ റദ്ദാക്കി എല്ലാവര്‍ക്കും നീതി ഉറപ്പ് വരുത്തുക, ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി രൂപീകരിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഭിന്നിക്കുന്ന നിലപാട് അവസാനിപ്പിക്കുക, ലീവ് അനുവദിക്കുക, സ്വകാര്യ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ -ക്ഷേത്ര ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ക്ഷേത്രം ജീവനക്കാരുടെ സംയുക്ത സമരസമിതി ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ക്ഷേത്രം ജീവനക്കാര്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷനുമുന്നില്‍ കൂട്ട സത്യഗ്രഹം നടത്തി. സമരം മുന്നോക്ക സമുദായ ഐക്യ മുന്നണി പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാന്‍ രാമകൃഷ്ണ ഹരി നമ്പൂതിരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.വി ശ്രീനിവാസന്‍, ജോ.കണ്‍വീനര്‍ എം.വി ശശി, കെ.പികേശവന്‍ നമ്പീശന്‍, പി.ശ്രീജിഷ്, ഗിരിധരന്‍ രാമനാട്ടുകര, സി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വിനോദ് കുമാര്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു. വി.ഹരിദാസ് കുറുപ്പ്, വി.ഷാജി, ബാബു കുഞ്ഞിമംഗലം, പി.സുധീര്‍ ബാബു എന്നിവര്‍ സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കി.