സംസ്ഥാനത്ത് കുടുംബശ്രീയുടെ 1070 വിഷു ചന്തകള്‍

സംസ്ഥാനത്ത് കുടുംബശ്രീയുടെ 1070 വിഷു ചന്തകള്‍

തിരുവനന്തപുരം: കേരളീയര്‍ക്ക് വിഷു സദ്യയൊരുക്കാന്‍ സംസ്ഥാനമൊട്ടാകെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകള്‍ ഊര്‍ജിതമായി. സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്‍മയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. 12നാണ് വിഷു ചന്തകള്‍ ആരംഭിച്ചത്. കുടുംബശ്രീയുടെ കീഴിലുള്ള 89,809 വനിതാ കര്‍ഷക സംഘങ്ങള്‍ ജൈവക്കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളും വിഷു ചന്തകളില്‍ വില്‍പയ്‌ക്കെത്തിയിട്ടുണ്ട്. കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതല്‍ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ് തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും കുടുംബശ്രീ വിഷു വിപണിയില്‍ ലഭ്യമാണ്. ഇതോടൊപ്പം സൂക്ഷ്മസംരംഭകര്‍ തയ്യാറാക്കുന്ന വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ലഭിക്കും.

വിഷു വിപണിയില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിനുള്ള ചുമതല അതത് സി.ഡി.എസുകള്‍ക്കായിരിക്കും. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും ഇവരുടെ നേതൃത്വത്തിലായിരിക്കും. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടേയും സംരംഭകരുടേയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാനവര്‍ധനവിനുമുള്ള അവസരമായി വിഷു വിപണികള്‍ മാറി കഴിഞ്ഞു. 15 വരെയാണ് കുടുംബശ്രീ വിഷു ചന്തകള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *