സൂറത്ത് : രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് കോടതിയില്‍ വാദം തുടരുകയാണ്. വയനാട്ടില്‍ വലിയ വിജയം നേടിയ എംപിയെയാണ് അയോഗ്യനാക്കിയതെന്ന് രാഹുലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമ വാദിച്ചു. എന്നാല്‍ വയനാട്ടിലെ വലിയ വിജയം പറയുമ്പോള്‍ അമേഠിയില്‍ തോറ്റതും പറയണമെന്നാണ് ചീമയുടെ വാദത്തെ പരാമര്‍ശിച്ചുള്ള എതിര്‍വാദം. പരാതിക്കാരന്‍ പൂര്‍ണേഷ് മോദിക്ക് വേണ്ടി അഭിഭാഷകന്‍ ഹര്‍ഷിത് തോലിയയാണ് ഹാജരായിരിക്കുന്നത്. വിധിക്ക് സ്റ്റേ നല്‍കാന്‍ കൃത്യമായ കാരണങ്ങള്‍ വേണം. പത്തോ പന്ത്രണ്ടോ സമാനമായ മാനനഷ്ട കേസുകളില്‍ പ്രതിയാണ് രാഹുല്‍ ഗാന്ധി. സിറ്റിംഗ് എംപിയെന്നതും അയോഗ്യനാക്കപ്പെടുന്നതും വന്‍ ഭൂരിപക്ഷവുമൊക്കെ എങ്ങനെയാണ് ന്യായവാദം ആകുന്നതെന്ന് അഭിഭാഷകന്‍ ഹര്‍ഷിത് തോലിയ ചോദിച്ചു.
കുറ്റക്കാരന്‍ ആണെന്ന് വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണമെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് ഇപ്പോള്‍ അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കും വരെ തുടരാന്‍ അനുവദിക്കണം. കേസില്‍ അപാകതകള്‍ ഉണ്ട്.
കേസ് ആസ്പദമായ സംഭവം നടന്ന സ്ഥലം പരിഗണിക്കണം. സൂറത്തില്‍ വച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടം ഉണ്ടായ വ്യക്തിയല്ല പരാതിക്കാരന്‍. പരാതിക്കാരന്റെ പേരെടുത്ത് രാഹുല്‍ സംസാരിച്ചിട്ടില്ല. പൂര്‍ണേഷ് മോദിക്ക് പരാതി നല്‍കാന്‍ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് കേസ് നല്‍കിയത്. പരാതിക്കാരനെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ ആര്‍ എസ് ചീമ രാഹുലിന് വേണ്ടി വാദിച്ചു.