കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ( എന്‍.സി.ഡി.സി) നേതൃത്വത്തില്‍ ലോക ഹോമിയോപ്പതി ദിനം ആചരിച്ചു. ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെഡിക്കല്‍ സംവിധാനങ്ങളില്‍ ഒന്നാണ് ഹോമിയോപ്പതി. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ സുരക്ഷിതമായ ചികിത്സാരീതിയായതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നല്‍കണമെന്നും ആരോഗ്യമുള്ള ജനത വളര്‍ന്നുവരണമെന്നും എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ അഭിപ്രായപ്പെട്ടു.
ഹോമിയോപ്പതി സ്ഥാപകനും ജര്‍മ്മന്‍ ഭിഷഗ്വരനുമായ സാമുവല്‍ ഹാനിമാന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. ആതുരസേവന രംഗത്ത് ഹോമിയോപ്പതിയുടെ വിലയേറിയ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം സമര്‍പ്പിക്കുന്നത്. ഒരു മെഡിക്കല്‍ സംവിധാനമെന്ന നിലയില്‍ ഹോമിയോപ്പതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിന്റെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. എന്‍.സി.ഡി.സി റീജ്യണല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം. മുഹമ്മദ് റിസ്വാന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ശ്രുതി ഗണേഷ്, അധ്യാപകരായ സുധ മേനോന്‍, ബിന്ദു സരസ്വതിഭായി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.