മോദിയെ വിമര്‍ശിച്ചതില്‍ വേട്ടയാടുന്നു; രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍

മോദിയെ വിമര്‍ശിച്ചതില്‍ വേട്ടയാടുന്നു; രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍

സൂറത്ത് : രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍. മുതിര്‍ന്ന അഭിഭാഷകനായ ആര്‍. എസ് ചീമയാണ് രാഹുല്‍ ഗാന്ധിക്കായി സൂറത്ത് കോടതിയില്‍ ഹാജരായത്. കേസിന്റെ മെറിറ്റ് പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നും തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിക്കണമെന്നും ആര്‍. എസ് ചീമ കോടതിയില്‍ വാദിച്ചു. ഗുരുതര കുറ്റകൃത്യങ്ങളല്ലെങ്കില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ നല്‍കുന്നത് വൈകിപ്പിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഗുരുതര കുറ്റകൃത്യമല്ലാത്തതിനാല്‍ കടുംപിടുത്തം പാടില്ല. അപ്പീലില്‍ തീര്‍പ്പു കല്‍പ്പിക്കും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സി ആര്‍ പി സി 389 പ്രകാരം ആണിത്. സ്റ്റേ നല്‍കാതിരിക്കുന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമെന്നും ആര്‍ എസ് ചീമ കോടതിയില്‍ വാദിച്ചു.

കുറ്റക്കാരന്‍ ആണെന്ന വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണം. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എം. പിയാണ് ഇപ്പോള്‍ അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കും വരെ തുടരാന്‍ അനുവദിക്കണം. കേസില്‍ അപാകതകള്‍ ഉണ്ട്.

കേസ് ആസ്പദമായ സംഭവം നടന്ന സ്ഥലം പരിഗണിക്കണം. സൂറത്തില്‍ വച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടം ഉണ്ടായ വ്യക്തിയല്ല പരാതിക്കാരന്‍. പരാതിക്കാരന്റെ പേരെടുത്ത് രാഹുല്‍ സംസാരിച്ചിട്ടില്ല. പൂര്‍ണേഷ് മോദിക്ക് പരാതി നല്‍കാന്‍ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് കേസ് നല്‍കിയത്. പരാതിക്കാരനെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല.

കേസ് പരിഗണിച്ച കോടതി പ്രസംഗം മുഴുവനായി പരിശോധിച്ചില്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കേസ് നല്‍കി വേട്ടയാടുകയാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണ നീതിയുക്തമായിരുന്നില്ല. രണ്ടു വര്‍ഷത്തിനുശേഷമാണ് പൂര്‍ണേഷ് മോദി ഒരു സാക്ഷിയെ ഹാജരാക്കിയത്. ഇയാള്‍ കാര്യങ്ങളെ പര്‍വതീകരിച്ച് പറഞ്ഞു. വാട്‌സ്ആപ്പ് വഴി കിട്ടിയ വീഡിയോ കണ്ടാണ് പരാതിക്കാരന്‍ കേസ് കൊടുത്തത്. വാട്‌സ്ആപ്പ് പരിശോധിക്കുമ്പോള്‍ നില്‍ക്കുന്ന സ്ഥലത്തല്ല കേസ് ഫയല്‍ ചെയ്യേണ്ടത്.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഉണ്ടെന്ന് പറഞ്ഞു പരാതിക്കാരന്‍ തന്നെ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഹൈക്കോടതിയില്‍ പോയി സ്റ്റേ ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്ജി മാറിയതോടെ ആവശ്യത്തിനു തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞു സ്റ്റേ പിന്‍വലിപ്പിച്ചുവെന്നും രാഹുലിന്റെ അഭിഭാഷകന്‍ ആര്‍എസ് ചീമ കോടതിയില്‍ വാദിച്ചു.

രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗത്തെയും അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചു. ഇംഗ്ലണ്ടില്‍ പോയി പ്രസംഗിച്ച വാക്കുകളെ കുറിച്ചും ഇന്ന് ഇന്ത്യയില്‍ കേസുകള്‍ എടുക്കുന്നു. നിയമം നടപ്പാക്കുമ്പോള്‍ വ്യക്തമായ പരിശോധന ആവശ്യമുണ്ട്. പഞ്ചാബികള്‍ എല്ലാം മോശക്കാരാണ് എന്നു പറഞ്ഞാല്‍ മാനനഷ്ട കേസെടുക്കാന്‍ കഴിയുമോ നിയമത്തില്‍ അതിന് കഴിയില്ലെന്നാണ് പറയുന്നത്. ഇത് രാഹുലിന്റെ കേസിലും ബാധകമാണ്. ഒരു വലിയ ജനസഞ്ചയത്തിനെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തി കേസിന്റെ പരിധിയില്‍ വരില്ല.

മജിസ്‌ട്രേറ്റ് കോടതിക്കെതിരെ ആര്‍ എസ് ചീമ പരാമര്‍ശം നടത്തി. കുറ്റക്കാരന്‍ ആണെന്ന് വിധിച്ച് അരമണിക്കൂറിനുള്ളില്‍ പരമാവധി ശിക്ഷ തന്നെ വിചാരണ കോടതി നല്‍കി. എം. പി ആയതുകൊണ്ട് സമൂഹത്തിന് സന്ദേശം നല്‍കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്. സുപ്രീംകോടതി മുന്നറിയിപ്പ് തന്നിട്ടും, അഹങ്കാരം കൊണ്ട് അത് മനസ്സിലായില്ലെന്ന് വരെ കോടതി പറഞ്ഞു. ഇത് ഒരിക്കലും ശരിയല്ലെന്നും ചീമ കോടതിയില്‍ വാദിച്ചു. 2019 നവംബറിലാണ് ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞത്. അതിനും ഏഴുമാസം മുമ്പാണ് കോലാറിലെ പ്രസംഗം നടന്നത്. പിന്നെയെങ്ങനെ സുപ്രീംകോടതിയെ അനുസരിച്ചില്ല എന്നൊക്കെ വിചാരണ കോടതി പറയും എന്ന് അഭിഭാഷകന്‍ ചോദിച്ചു.

അപകീര്‍ത്തി കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്തിലെ സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊഗേരയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കോടതിയില്‍ വാദം തുടരുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *