ചാലക്കര പുരുഷു
മാഹി: ജലമര്‍മ്മരം ചിത്രരചനാ ക്യാമ്പ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ മനോഹരമായ ദൃശ്യചാരുതയും, ഒപ്പം പുഴയുടെ നൊമ്പരങ്ങളും അനാവരണം ചെയ്യുന്നതായി മാറി. കക്കടവ് ബോട്ട് ജെട്ടിക്ക് സമീപം നടന്ന ദ്വിദിന ക്യാമ്പ് വാര്‍ഡ് അംഗം പ്രസന്ന ടീച്ചറുടെ അധ്യക്ഷതയില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ പ്രഭകുമാര്‍ ഒഞ്ചിയം ക്യാമ്പ് വിശദീകരണം നടത്തി. ഒളവിലം ക്യാമ്പിനെക്കുറിച്ച് ആര്‍ട്ടിസ്റ്റ് രാജേന്ദ്രന്‍ ചൊക്ലി വിശദീകരിച്ചു. പ്രശസ്ത ചിത്രകാരന്‍ വത്സന്‍ കൂര്‍മ്മ കൊല്ലേരി വിശിഷ്ടാതിഥിയായിരുന്നു. എന്‍.പ്രകാശന്‍ മാസ്റ്റര്‍, ജന്‍സണ്‍, വത്സന്‍ പിലാവുള്ളതില്‍, സുഗീഷ് കോട്ടേമ്മല്‍ സംസാരിച്ചു.
ഒഴുക്കാര്‍ന്ന പെയിന്റിങ്ങിന്റെ മനോജ്ഞ പ്രവാഹമാണ് കലൈമാമണി സതീശങ്കറിന്റെ ക്യാന്‍വാസില്‍ ദൃശ്യമായത്. വര്‍ണ പ്രയോഗത്തിലെ കൈത്തഴക്കം ബിജു സെന്നിന്റെ രചനയില്‍ പ്രകടമാണ്. പ്രമുഖ ചിത്രകാരന്‍ പ്രശാന്ത് ഒളവിലത്തിന്റെ അപൂര്‍വ്വ ചാരുതയാര്‍ന്ന ജലച്ഛായ പ്രകൃതി ചിത്രം വെണ്‍മയാര്‍ന്ന ദൃശ്യാനുഭൂതിയായി. പുഴയുടെ സാമീപ്യം അനുഭവിച്ചറിഞ്ഞ ഏതൊരു കലാകാരനും പ്രകൃതി എന്ന അതിബൃഹത്തായ ഒരു കാഴ്ചപ്പാട് രൂപീകരിച്ചിട്ടുണ്ടായിരിക്കുമെന്ന് റോഷിത്, ജ്യോതി, ചന്ദ്രന്‍ കാസര്‍കോട്, പി.പി.ചിത്ര ,സന്തോഷ് ചുണ്ട, ശോഭ മാഹി എന്നിവരുടെ ലാന്റ് സ്‌കേപ്പുകള്‍ അടിവരയിടുന്നു. നിഷാ ഭാസ്‌ക്കരന്‍, ഗുരു ആലക്കോട് തുടങ്ങിയവരുടെ നദീ സങ്കല്‍പ്പങ്ങളാണ് ഈ ക്യാമ്പിനെ ചലനാത്മകമാക്കിയതെന്ന് അവരുടെ സൃഷ്ടികള്‍ സാക്ഷ്യപ്പെടുത്തി. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചിത്രകലാധ്യാപകരുടെ ഒരു കൂട്ടായ്മ, അതി സാധാരണമായ ഒരു ചിത്രകലാ ക്യാമ്പായിട്ടായിരുന്നു ജലമര്‍മ്മരത്തിന്റെ തുടക്കം. കേരളത്തിന്റെ ജലാശയഭംഗി പകര്‍ത്തുക എന്ന ഒരു ലക്ഷ്യമായിട്ടാണ് പേര് സൂചിപ്പിക്കുന്നത് പോലെ ‘ജലമര്‍മ്മരം’ ആരംഭിച്ചത്. 61 കലാകാരന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് വൈകീട്ട് നാല് മണിക്ക് സമാപിക്കും. പ്രമുഖ നാടന്‍ കലാ ഗവേഷകനും ചിത്രകാരനുമായ കെ.കെ മാരാര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.