ന്യൂഡല്‍ഹി: ബെംഗളുരു സ്‌ഫോടനക്കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് എതിരായുള്ള കുറ്റകൃത്യമാണ് മഅദനി ചെയ്തതെന്നും വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ഉള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു
അതേസമയം, ജാമ്യത്തില്‍ ഇളവ് തേടിയുള്ള പി.ഡി. പി ചെയര്‍മാന്‍ മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. എട്ട് വര്‍ഷമായി താന്‍ ജാമ്യത്തിലാണ്. കേരളത്തിലേക്ക് പോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും പിതാവിനെ കാണാന്‍ പോകണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നുമാണ് മഅദനിയുടെ ആവശ്യം.
നാട്ടില്‍ പോയി തിരിച്ചു വരാന്‍ ആണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി കേസ് പരിഗണിക്കവെ മഅദനിയോട് ചോദിച്ചു. ആരോഗ്യപരമായ പ്രശ്‌നമുണ്ടെന്നും ചികിത്സ തേടണമെന്നും പിതാവടക്കം സുഖമില്ലാതിരിക്കുകയാണെന്നും മദനിക്കായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ആശങ്കയുണ്ടെങ്കില്‍ ഒരു മാസത്തേക്ക് കേരളത്തിലേക്ക് അയച്ച ശേഷം എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് നീരീക്ഷിക്കാമെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ജന്മനാട്ടിലേക്ക് പോകാനുള്ള അനുവാദം മാത്രമാണ് ചോദിക്കുനതെന്നും കപില്‍ സിബല്‍ വാദിച്ചു. കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.