കോഴിക്കോട്: നോട്ടുനിരോധനവും പ്രളയവും കൊവിഡും മൂലം തകര്‍ന്ന വ്യാപാര മേഖലക്ക് അത്താണിയാണ് ഇത്തവണത്തെ ഈസ്റ്ററും വിഷുവും പെരുന്നാളും. എന്നാല്‍ ഈ ആഘോഷവേളയില്‍ കടകളില്‍ കയറി പ്ലാസ്റ്റിക്കിന്റെ പേരില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കാനാവില്ലായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു.ഒരു പ്രതിഫലവും ഇല്ലാതെ കോടിക്കണക്കിന് രൂപ ജി.എസ്.ടി ഇനത്തിലും സര്‍ക്കാര്‍ വര്‍ധിപ്പിച്ച പലതരത്തിലുള്ള നികുതിയും നല്‍കി വ്യാപാരം ചെയ്യുന്ന വ്യാപാരികളെ ഈ ഉത്സവ സീസണില്‍ ദ്രോഹിച്ച് ഖജനാവ് നിറക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കണ്ടുവരുന്നത്.
കണ്ണൂരില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് പ്ലാസ്റ്റിക്ക് കവറുകള്‍ കണ്ടെടുത്തുവെന്ന് പറഞ്ഞ് പതിനായിരം രൂപയാണ് പിഴയീടാക്കിയത്. സര്‍ക്കാര്‍ നിരോധിച്ച ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ കണ്ടാല്‍ പിഴ ഈടാക്കുന്നില്ല, അത്തരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാതെ വ്യാപാരികളെ മാത്രം ദ്രോഹിക്കുന്ന നയമാണ് സ്വീകരിച്ചുവരുന്നത്. നിരോധിച്ച പ്ലാസ്റ്റിക്കിനു പകരം ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താതെ കട പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ തടയാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.