ന്യൂഡല്‍ഹി: ക്രിസ്തുമതത്തിലേയ്ക്കും മുസ്ലീം മതത്തിലേയ്ക്കും മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ ആനുകൂല്യം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. രണ്ട് പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളാണ് ഇതെന്ന് സുപ്രീം കോടതി പറഞ്ഞു.
ക്രൈസ്തവ, മുസ്ലീം മതങ്ങളിലേയ്ക്ക് മാറിയ ദളിതര്‍ക്ക് ആനുകൂല്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചതുപോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും മുസ്ലീങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ലെന്നും തൊട്ടുകൂടായമ പോലുള്ള സാമൂഹിക തിന്മകള്‍ ദളിത് ക്രൈസ്തവ,മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിസ്തു മതത്തിലേയ്ക്കും ഇസ്ലാംമതത്തിലേയ്ക്കും മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ ആനുകൂല്യം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ കമ്മിഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി തള്ളി. താഴെത്തട്ടില്‍ വേണ്ടത്ര പഠനം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാരോപിച്ച് ജസ്റ്റിസ് രംഗനാഥ് മിശ്ര സമിതിയുടെ ശുപാര്‍ശ കേന്ദ്രം നിരാകരിക്കുകയും വിഷയം പഠിക്കുന്നതിന് ജസ്റ്റിസ് കെ. ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. എന്നാല്‍ നാളെ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്ക് ഈ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് വന്നാല്‍ സര്‍ക്കാര്‍ എത്ര കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു.