കോഴിക്കോട്: കിഴക്കനാഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി ഹാഫിള് സൈനുല്‍ ആബിദ് പങ്കെടുക്കും. അമ്പതോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ഈ വര്‍ഷം അവാര്‍ഡിന് വേണ്ടി മത്സരിക്കുന്നത്. 12 മുതല്‍ 16 വരെ നടക്കുന്ന മത്സരങ്ങളില്‍ വിവിധ സെഷനുകള്‍ പൂര്‍ത്തീകരിച്ച് അവസാന ഘട്ടത്തില്‍ എത്തുന്ന വിജയിക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തില്‍ ജേതാവായിരുന്നു സൈനുല്‍ ആബിദ്. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്നാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്. വിശുദ്ധ റമസാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രശസ്ത ഖുര്‍ആന്‍ പാരായണ-മനഃപാഠ മത്സരങ്ങളില്‍ എല്ലാ വര്‍ഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 24 അന്താരാഷ്ട്ര അവാര്‍ഡുകള്‍ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം താന്‍സാനിയയിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുല്‍ ആബിദിനെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, ഡയരക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊ.ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് വിജയാശംസകള്‍ നേര്‍ന്ന് യാത്രയാക്കി.