തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി നടപ്പാക്കുന്ന ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെങ്കിലും ഗുണഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കേണ്ടി വരുന്നു. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ച നല്ലൊരു പങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല. പലയിടത്തും പദ്ധതി ഉപേക്ഷിച്ചതായി വിജിലന്‍സ് കണ്ടെത്തി.വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡെല്‍റ്റ എന്ന മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. ക്രമക്കേടില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.
46 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ പലയിടത്തും പദ്ധതി നിര്‍ജ്ജീവമാണെന്നും സര്‍ക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും കണ്ടെത്തി. ഗുണനിലവാരമില്ലാത്ത പൈപ്പുകളും മോട്ടോറുകളും ആണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്ന മേഖലകളില്‍ വെള്ളമെത്തിക്കുക എന്ന സര്‍ക്കാരിന്റെ സ്വപനപദ്ധതിക്കായി ഉപയോഗിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തി. ആഴത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് രേഖയില്‍ സൂചിപ്പിച്ച ഇടങ്ങളിലെല്ലാം ഉപരിതലത്തില്‍ തന്നെയാണ് പൈപ്പുകള്‍ കാണപ്പെട്ടത്. പൊതുകിണറുകള്‍ ആഴം കൂട്ടാതെ ആഴം കൂട്ടിയെന്നും ഭാഗികമായി മാത്രം നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് എഞ്ചിനീയര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തി.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ സുതാര്യമല്ലെന്നും ഗ്രാമപഞ്ചായത്ത് തല ആക്ടിവിടി കമ്മിറ്റി(ജി.പി.എല്‍.സി.) മുഖേനെയാണ് ടെന്‍ഡര്‍ നടപടികള്‍ നടത്തേണ്ടത്. ഇതില്‍ സ്വകാര്യ വ്യകതികളാണുണ്ടാകുക. എന്നാല്‍ പണികള്‍ക്ക് കരാറുകാരെ തെരെഞ്ഞെടുക്കുന്നതില്‍ സുതാര്യതയില്ലെന്നും പല കരാറുകാരും അംഗങ്ങളുടെ ബിനാമികളാണെന്നും പരിശോധനയില്‍ കണ്ടെത്തി.